
പരാതിക്കാരനായെത്തി പ്രതിയായി മാറിയ ധർമ്മസ്ഥല വിവാദത്തിലെ മാസ്ക്മാൻ ചിന്നയ്യയ്‌ക്ക് ജാമ്യം. മംഗളുരു ( ദക്ഷിണ കന്നഡ) ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 23 ന് അറസ്റ്റിലായത് മുതൽ റിമാണ്ട് ചെയ്യപ്പെട്ട് ശിവമോഗ ജയിലിൽ കഴിയുകയാണ് ഈ നിഗൂഢ കഥാപാത്രം. ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് ഇയാൾ. ക്ഷേത്രത്തിൽ ജോലിചെയ്തിരുന്ന 1995-2014 കാലയളവിൽ നൂറിലേറെ സ്ത്രീകളുടെ മൃതദേഹം ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്നും അവരൊക്കെ ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ടതാണെന്നുമുള്ള നടുക്കം കൊള്ളിക്കുന്ന വെളിപ്പെടുത്തലുമായി അയാൾ ധർമ്മസ്ഥല പോലീസ് സ്റ്റേഷനിലെത്തിയത് ജൂലൈ മൂന്നിനായിരുന്നു. ജൂലൈ പതിനൊന്നിന് ഒരു തലയോട്ടിയുമായി അയാൾ വീണ്ടും സ്റ്റേഷനിലും കോടതിയിലുമെത്തി. താൻ മറവുചെയ്ത സ്ത്രീകളിൽ ഒരാളുടെ തലയോട്ടിയാണതെന്നാണ് അയാൾ അവകാശപ്പെട്ടത്. കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയ അയാൾക്ക് ഐഡന്റിറ്റി വെളിപ്പെടാതിരിക്കാൻ സാക്ഷി പരിരക്ഷ ലഭിച്ചു. പിന്നീട് ഭയമുളവാക്കുന്ന രീതിയിൽ മുഖംമൂടിയും പ്രത്യേക വസ്ത്രവും ധരിച്ചാണ് അയാൾ മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വിവാദം ശക്തിപ്പെട്ടതിനെ തുടർന്ന് സിദ്ധരാമയ്യ ഗവണ്മെന്റ് എസ് ഐ ടി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. മാസ്ക്മാൻ ചൂണ്ടിക്കാട്ടിയെ പതിനേഴ് ഇടങ്ങൾ കുഴിച്ചു പരിശോധിച്ചിട്ടും സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടു കിട്ടിയില്ല. രണ്ടിടങ്ങളിൽ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളാകട്ടെ സ്വാഭാവികമായി മരണപ്പെട്ട പുരുഷന്മാരുടേതായിരുന്നു. മാസ്ക്മാൻ ഹാജരാക്കിയ തലയോട്ടിയും പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതോടെ എസ് ഐ ടി അന്വേഷണത്തിന്റെ രീതി മാറ്റി. മാസ്ക്മാനെ പ്രതിയാക്കി കേസ്സെടുത്തു. പോലീസ് മുറയിൽ ചോദ്യം ചെയ്തപ്പോൾ അയാളിൽ നിന്ന് പുറത്തുവന്നത് ഒരു വൻ ഗൂഢാലോചനയുടെ രഹസ്യങ്ങളാണ്. മാസ്ക്മാൻ ചിന്നയ്യ ഉൾപ്പെടെ ആറുപേരെ പ്രതികളാക്കി എസ് ഐ ടി പ്രാഥമിക കുറ്റപത്രം കോടതിൽ സമർപ്പിച്ചു. അതിൽ ഗൂഢാലോചനയുടെ വിശദാംശങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. അതിനിടയിലാണ് മാസ്ക്മാൻ ചിന്നയ്യയ്‌ക്ക് ജാമ്യം ലഭിച്ചത്.
Photo Courtesy - Google











